2010 ജൂൺ 22, ചൊവ്വാഴ്ച

കിടപ്പിടം.

സ്വപ്നം മരിച്ചരാ ‌-
വെത്തുന്നു.
സ്വാസ്ഥ്യം  നരച്ച്
        നാറ്റം  ചുരത്തുന്നു.
നീ-
യേതു തെരുവില്‍...
ഏതു  സത്രത്തില്‍...
ഏതു  രാഹുവിന്‍
         പുളപ്പിന്ന്...?

ചത്ത  വീടി-
ന്നുള്‍മുറിയിടങ്ങള്‍...
മുട്ടിയും  ,ഉരുമ്മിയും
      സഞ്ചരിക്കുന്നൂ  ജഡങ്ങള്‍.
ഉച്ചരിച്ചീടാന്‍
ഒരു  വാക്കിന്റെ  മുറിത്തുണ്ട്
നഷ്ടമായ  നാവ്
     കുഴഞ്ഞടിയുന്നു.

സ്വപ്നം
മരിച്ച  വീട്.

മുറിച്ചു  വച്ച
മാംസത്തുണ്ടു  പോലെ
     ഈച്ചയാര്‍ക്കുന്നു.
അറ്റുവീണ  വിരല്‍ത്തുമ്പില്‍
തക്ഷകന്റെ
      ഉടലടയാളം.
പീളയടി-
ഞ്ഞിഴുകിയ  കണ്ണ്.
കെട്ട കാതു്.
അറുത്തെറിഞ്ഞ  പുല്ലിംഗം.

എവിടെയോ
വരണ്ട  മണ്ണടരുകള്‍-
ക്കിടയില്‍
      കിടപ്പിടം  ഒരുങ്ങുന്നു.
സമയമാകുന്നു ...
സ്വപ്നം
മരിച്ച  രാവു്.
സ്വാസ്ഥ്യം  നരച്ചു്...
     നാറുന്ന  വീടു്..!
         -ഠ -

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍