2010 മേയ് 31, തിങ്കളാഴ്‌ച

എത്തുന്നിടത്ത്

തുടക്കം
ഏകവചനത്തില്‍.
ഏകനായലഞ്ഞ്...
ഏകാന്തതയി-
   ലൊടുങ്ങുന്ന  യാത്ര.

കടവത്ത്...
കര  കാര്‍ന്നു പോകെ.

കടലോരത്ത്...
കഴല്‍  കുഴയും വരെ.

വഴിയോരത്ത്...
വഴുതി  വീഴും  വരെ.

എത്തുന്നിട-
   ത്തൊടുങ്ങുമീ  യാത്ര.

മടുപ്പിന്‍
കഷായം  കുടിച്ച്...
മുഷിഞ്ഞ്...
   മുറിവുണങ്ങും  വരെ.

നെറിവുകേടിന്‍
വിഷസ്പര്‍ശമേറ്റ്...

ഞെരിപ്പോട്  നെഞ്ചാക്കി...
   നിഴലു  നീളും  വരെ.

ഉയിരു  തേയുന്നു.
ഉടലു  ചായുന്നു.

ഒരു  കൈ-
ത്തുമ്പെവിടെ...
   താങ്ങായ്.
ഇരുട്ടു  കുത്തുമ്പോള്‍...
  ഒരു  ചിരിവെളിച്ചം.
     -0-

2010 മേയ് 29, ശനിയാഴ്‌ച

ഇന്ത്യ
















യാത്രയ്കിടയില്‍
തീവണ്ടിയില്‍നിന്നും
ചവുട്ടിപുറത്താക്കപ്പെട്ടവന്റെ
തൊപ്പിപോയി.
തേച്ചുമിനുക്കിയ
പാദുകങ്ങളും പോയി.

           കൊത്തം കല്ലുകളില്‍
           കമിഴ്ന്നുവീണ അവന്‍
           ചോരയിറ്റുന്ന മുറിപ്പാടുകളുമായ്
           പിടഞ്ഞെണീറ്റു.

           കല്‍പൊടിയും
           ചെമ്മണ്ണും പുരണ്ട
           കാല്‍ശരായിയും കോട്ടും
           ഓരോന്നായവന്‍
           അഴിച്ചെറിഞ്ഞു.

ഇത്തിരി നഗ്നതയ്ക്ക്
ഒത്തിരി മറവേണ്ടെന്ന തിരിച്ചറിവ്
അവനു ‘മറ’യായി.
‘മറ’ പിന്നെ മരിക്കുംവരെ
ഊന്നുവടിയായി.

പുറപ്പെട്ടിടത്തേയ്‌ക്ക്
തിരിച്ചുനടക്കെ
ആ ഊന്നുവടിയാലവന്‍
വരഞ്ഞിട്ടത്
ഇന്ത്യ.

* മലയാളം വാരിക. ലക്കം 19.
  2009 ഒക്ടോബര്‍ 9,
 

അലക്കുകല്ല്

കാത്തുകിടക്കാതെ
വയ്യ  കൂട്ടരെ.

അലക്കീട്ടുമലക്കീട്ടും
വെളുക്കാതെ  പോയവരെ  കാത്ത്.

ഒരലക്കു കല്ല്
കാത്തു കിടപ്പിലൂടെ
ജീവിതവുമായെന്തു  ചെയ്യുന്നുവെന്നോ.

കാണുന്നില്ലെ...
കരകാര്‍ന്നെടുത്തും
കുതിച്ചും  കിതച്ചും
       ഒഴുകുന്ന  പുഴ.

കണ്ടൂം കരഞ്ഞൂം
ഇഴുകിയലിഞ്ഞും
ഈ  കിടപ്പ്  തുടങ്ങീട്ട്.
       നാളെത്റേയി.

അലക്കിത്തെളിഞ്ഞ്
ചില  ചെറുവല്യക്കര്‍
ഓരൊ കര പറ്റി.

തെളിയാത്തവരുടെ
കണക്കെടുക്കാന്‍
        വയ്യ  കൂട്ടരെ.

തേഞ്ഞും പൊടിഞ്ഞും
അലിയുന്ന  ജന്മം
        കാക്കുന്നതവരെ.

അലക്കിട്ടുമലക്കിട്ടും
തെളിയാത്തവരെ.
 .

* മലയാളം വാരിക. ലക്കം 25.
  2007 നവംബര്‍  9, 

2010 മേയ് 17, തിങ്കളാഴ്‌ച

പഞ്ചതത്രം

ഇരയ്ക്ക്   പിമ്പേ
പാഞ്ഞെത്താന്‍
വേട്ടനായുടെ
          കുതിപ്പ്   വേണം .

വേലിചാടിക്കടക്കുംപോള്‍
വേഷംകെ -
           ട്ടറിവാകണം.

ചോടളന്നു  കുതിക്കണം.
'കുതി' യൊപ്പം   എത്തണം.
ഇരയ്ക്ക്
ഇരുന്നണയ്ക്കാന്‍ ...
ഇളവേല്‍ക്കാന്‍ ...
          'ഇടം' ഏകാതിരിക്കണം .

കുതിചൊപ്പം
എത്തുനേരം
'കൂട്ടി'നെന്നു   നടിക്കണം .
തരത്തില്‍   കുരല്‍കുത്തി -
പ്പറിക്കുമ്പോള്‍
ഊര്‍ജമുള്ളില്‍
          ജ്വലിക്കണം .
പിന്നെ-
യൊന്നു മാറിഞ്ഞില്ലെന്ന  ഭാവം
          വരിക്കണം .

ചാരത്ത്
ഓമനിക്കാന്‍
സദാ വേണം
         മുയല്‍ക്കുരുന്നുകള്‍.
      
         

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍